ശശി തരൂരിന്‍റെ ഉറ്റബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ് നേതൃത്വം
വെള്ളി, 15 മാര്‍ച്ച് 2019 (16:19 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്‌തനുമായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നതിന് പിന്നാലെ ശശി തരൂരിന്‍റെ ഉറ്റബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍ ചേര്‍ന്നു.
ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു.
ഞങ്ങൾ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ഇവര്‍ പ്രതികരിച്ചു.
കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലെത്താന്‍ സന്നദ്ധരാണെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള വ്യക്തമാക്കി. ഇവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.