സിപിഎം ആലപ്പുഴ ജില്ലാ നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സജി ചെറിയാന്‍, ആര്‍ നാസര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.
അടുത്തിടെ ആലപ്പുഴയിലെ ഡിവൈഎഫ്എ നേതാവിനും തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതിര്‍ന്ന നേതാവിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക. നഗരത്തിലുളള സ്ത്രീയുടെ വീട്ടില്‍ രാത്രി സമയത്ത് സന്ദര്‍ശനം നടത്തുന്നുവെന്നാണ് മുതിര്‍ന്ന നേതാവിനെതിരായുളള ആരോപണം. ഇദ്ദേഹത്തെ ഡിവൈഎഫ് നേതാക്കള്‍ ഈ സ്ത്രീയുടെ വീട്ടില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
ആലപ്പുഴ നഗരസഭയിലെ കൗണ്‍സിലര്‍ കൂടിയായ യുവനേതാവിനെതിരെ മറ്റൊരു യുവതി പീഡനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയതാണ് രണ്ടാമത്തെ വിവാദം. ഇദ്ദേഹത്തെ ഏരിയാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഭാഗീയതയുടെ പേരിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നതെന്ന് ഇരുകൂട്ടരും വാദിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.