ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പൊലീസ് കേന്ദ്രത്തിലെത്തി; രണ്ടാംഘട്ട ചോദ്യം ചെയ്യൽ ആരംഭിച്ചു, ചോദ്യങ്ങൾക്കുള്ള മറുപടി തൃപ്‌തികരമല്ലെങ്കിൽ അറസ്‌റ്റ് ഉണ്ടായേക്കും
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്നത്തെ ചോദ്യങ്ങൾക്ക് തൃപ്‌തികരമല്ലാത്ത മറുപടിയാണ് പൊലീസിന് ലഭിക്കുന്നതെങ്കിൽ ബിഷപ്പിനെ അന്വേഷണ സംഘം അറസ്‌റ്റുചെയ്യാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി നേരത്തേതന്നെ കൂടിയാലോചന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ 150ഓളം ചോദ്യങ്ങളാണ് ബിഷപ്പിനോട് ചോദിച്ചത്. എന്നാൽ ബിഷപ്പിന്റെ മറുപടികൾ തൃപ്‌തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. അറസ്‌റ്റ് അനിവാര്യമെന്ന് യോഗത്തിൽ അന്വേഷണ സംഘം ആവർത്തിച്ചു.
പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ തൃപ്പൂണിത്തുറ പൊലീസ് കേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കി. അതേസമയം, ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയാറെടുപ്പുകൾ പൊലീസ് തുടങ്ങിയതായും വിവരമുണ്ട്.