കേന്ദ്രത്തിനു തിരിച്ചടി; 13,600 കോടി രൂപ സംസ്ഥാനത്തിനു കടമെടുക്കാം

രേണുക വേണു
ബുധന്‍, 6 മാര്‍ച്ച് 2024 (13:18 IST)
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നടത്തിയ നിയമപോരാട്ടം വിജയം കണ്ടു. കേരളത്തിനു കടമെടുപ്പിനു അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തിനു 13,600 കോടി രൂപ കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കടമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചു കൂടെ എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് സംസ്ഥാനത്തോടും കേന്ദ്രത്തിനോടും ചോദിച്ചു. 
 
13,608 കോടി രൂപ കടമെടുക്കുന്നതിനു ആവശ്യമായ നടപടികള്‍ കേന്ദ്രം ചെയ്യണം. ഇക്കാര്യത്തില്‍ പ്രത്യേക വിധിയൊന്നും പുറപ്പെടുവിക്കുന്നില്ല. മറ്റ് ആവശ്യങ്ങളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞു. 
 
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംസ്ഥാനത്തിനു കടമെടുക്കാന്‍ അനുമതി നല്‍കിയതായി കേന്ദ്രം അറിയിച്ചത്. കപില്‍ സിബലാണ് കേരളത്തിനായി സുപ്രീം കോടതിയില്‍ വാദിച്ചത്. സമവായ ചര്‍ച്ചയും സുപ്രീം കോടതിയിലെ കേസും ഒരുമിച്ച് പോകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചെങ്കിലും അതിനു നിയമപരമായി കുഴപ്പമൊന്നും ഇല്ലെന്ന് കോടതി മറുപടി നല്‍കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉള്ളതുപോലെ ഫെഡറല്‍ അവകാശം കേരളത്തിനും ഉണ്ടെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article