അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭ ആദ്യം കൈക്കൊണ്ട നടപടി ജിഷയുടെ കൊലപാതകം പുതിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുക എന്നതായിരുന്നു. എന്നാൽ സ്ഥാനമേറ്റ മന്ത്രിസഭയ്ക്ക് മുന്നിൽ ആദ്യമെത്തിയ പരീക്ഷണം സെൽഫിയായിരുന്നു. സെൽഫിയൊരു ഫാഷൻ ആയതുകൊണ്ടും ചിലർക്കത് ഭ്രാന്തായതു കൊണ്ടും ജനങ്ങൾ സെൽഫിയെടുക്കാൻ വന്നപ്പോൾ ശരിക്കും കുടുങ്ങിയത് മുഖ്യമന്ത്രിമാരും മന്ത്രിമാരും തന്നെ.
'സെൽഫി ഭ്രാന്ത്' പിടികൂടിയാൽ ഗവർണർ ആണോ എന്നു പോലും നോക്കില്ല. സെൽഫി അപേക്ഷയുമായി ചിലർ ഗവർണറുടെ അടുക്കലും എത്തിയിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാരുടെ ഇടപെടൽ മൂലം ആർക്കും അധിന് സാധിച്ചില്ല. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി ഐ പികൾ മുതൽ സാധാരണക്കാർ വരെ സെൽഫിയെടുക്കാൻ മത്സരിച്ചു.
സദസിന്റെ മുൻനിരയിൽ ഇരുന്നവരുടെ സ്ഥിതിയും മറിച്ചല്ല. മമ്മൂട്ടി, വി എസ് അച്യുതാനന്ദൻ, സീതാറാം യെച്ചൂരി, ദിലീപ് എന്നിവർക്കെല്ലാം സെൽഫി പ്രേമികൾക്ക് മുന്നിൽ വഴങ്ങി കൊടുക്കേണ്ടി വന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും സെൽഫി തന്നെയായിരുന്നു താരം. എന്നാൽ ഈ സെൽഫി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുമെന്ന് മന്ത്രിമാർ വിചാരിച്ച് കാണില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞപ്പോൾ അരമണിക്കൂർ നേരമാണ് സെൽഫിയ്ക്ക് വേണ്ടി മാത്രമായി മന്ത്രിമാർക്ക് മാറ്റിവെക്കേണ്ടി വന്നത്. മന്ത്രിമാർക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ കഴിയാതെ പോയവർ പുറത്തിറങ്ങി ഫ്ലെക്സ് ബോർഡുകൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത് സംതൃപ്തി അടയുകയായിരുന്നു.