പാഠപുസ്തകത്തിന് പിന്നാലെ സൗജന്യ യൂണിഫോം വിതരണവും അവതാളത്തില്‍; ഒരാഴ്ചക്കുള്ളില്‍ എല്ലാം ശരിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (11:08 IST)
ഓണപരീക്ഷ അടുത്തിട്ടും പാഠപുസ്തകം ലഭിക്കാത്തതിനു പിന്നാലെ സൗജന്യ യൂണിഫോം വിതരണവും അവതാളത്തിലായി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരേയും എയ്ഡഡ് സ്‌കൂളുകളില്‍ യൂണിഫോം എത്തിയിട്ടില്ല.
 
അതേസമയം, ധനവകുപ്പ് പണം നല്‍കാത്തതിനാലാണ് യൂണിഫോം വിതരണം ചെയ്യാന്‍ കഴിയാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടാതെ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ യൂണിഫോമിനുളള തുക വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
 
ഈ അദ്ധ്യയന വര്‍ഷം മുതലാണ് ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള തുക സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് മുഖേന നല്‍കുകയും ചെയ്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് യൂണിഫോം വാങ്ങി നല്‍കിയത്.
 
എന്നാല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി എല്ലാ സ്കൂള്‍ മാനെജ്‌മെന്റുകളും കുട്ടികളുടെ കണക്ക് ജൂണില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബജറ്റ് പാസായിട്ട് ഒരു മാസമേ ആയിട്ടുള്ളുയെന്നും ഇതുവരെയായിട്ടും ധനവകുപ്പ് ഫണ്ട് അനുവദിച്ചില്ലെന്നുമുള്ള മറുപടിയാണ് മാനെജ്‌മെന്റുകള്‍ക്ക് ലഭിച്ചത്.
Next Article