സോളാര്‍ കമ്മീഷനില്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്‌ക്കുന്ന കൂടുതല്‍ തെളിവുകളുമായി സരിത എസ് നായര്‍. ബെന്നി ബെഹനാനും പിസി വിഷ്‌ണുനാഥിനുമെതിനും സംഭാവനയുടെ പേരില്‍ പണം നല്‍കിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ബെന്നി ബെഹന്നാനെ നേരത്തെ മുതല്‍ അറിയാമെന്നും ടീം സോളാറില്‍ നിന്ന് പല ഉന്നത നേതാക്കള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്നും സരിത മൊഴി നല്‍കി.
2011 നവംബറില്‍ പാര്‍ട്ടി ഫണ്ടായി ബെന്നി ബെഹനാന് അഞ്ച് ലക്ഷം നല്‍കി. എന്നാല്‍ ഇതിന് രസീത് ലഭിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ മാനവികയാത്രയ്ക്കായി വിഷ്ണുനാഥ് ഫണ്ട് ചോദിച്ചിരുന്നു. 2012 ല്‍ എറണാകുളത്തും ഒറ്റപ്പാലത്തും വച്ച് ഓരോ ലക്ഷം നല്‍കുകയും ചെയ്‌തു. മാനവിക യാത്രയുടെ ഒറ്റപ്പാലത്തെ ചടങ്ങില്‍ ഒരു ലക്ഷം നേരിട്ട് നല്‍കി. വിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്ന ഒരാള്‍ക്കാണ് ഒരു ലക്ഷം കൊടുത്തത്. എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ വച്ചാണ് രണ്ടാമതും ഒരു ലക്ഷം കൊടുത്തതെന്നും സരിത മൊഴി നല്‍കി.
പല നേതാക്കള്‍ക്കും പണം നല്‍കിയിട്ടുണ്ട്. ഇവര്‍ ആരും താനുമായി നേരിട്ട് ബന്ധപ്പെട്ടില്ല. അതിനാല്‍ തെളിവുകള്‍ ഇല്ല. രഹസ്യമായി മൊഴി രേഖപ്പെടുത്താമെങ്കില്‍ ലൈംഗികമായ ആരോപണങ്ങളില്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്നും സരിത കമ്മീഷനെ അറിയിച്ചു. തുറന്ന കോടതിയിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ തനിക്ക് താൽപര്യമില്ല. അങ്ങനെയെങ്കില്‍ സരിത സരിത എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് മുദ്രവെച്ച കവറില്‍ കമ്മീഷന് കൈമാറാമെന്നും ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു.