സരിതയുടെ പിറകെ പോയാല്‍ എല്ലാം വെള്ളത്തിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. സരിതയുടെ മൊഴി മാത്രം എടുത്ത് പ്രതിപക്ഷം രാഷ്‌ട്രീയലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്‌ട്രീയലാഭത്തിന് വേണ്ടി അപവാദങ്ങള്‍ക്ക് പുറകെ പോകുന്ന പ്രതിപക്ഷത്തിന്റെ നിലപാട് തന്നെ വേദനിപ്പിച്ചു. മുഖ്യമന്ത്രി എന്നതുവിട്ട് ഒരു പൊതുപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിപക്ഷം തന്നോട് കാണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയ്ക്ക് സി പി എം പത്തു കോടി രൂപ നല്കിയെന്ന ആരോപണം ഭരണപക്ഷം എന്തുകൊണ്ടാണ് ആയുധമാക്കാത്തതെന്ന് പ്രതിപക്ഷം ചിന്തിക്കണം. താന്‍ 14 മണിക്കൂര്‍ സോളാര്‍ കമ്മീഷനില്‍ മുന്നില്‍ ഇരുന്ന ആളാണെന്നും സരിതയുടെ അഭിഭാഷകന്‍ തന്നോട് ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ആക്ഷേപം പറയുന്നത് ഏത് സാഹചര്യത്തിലാണ് എന്ന് കൂടി പ്രതിപക്ഷം നോക്കണം. സി ഡി ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ബിജു രാധാകൃഷ്‌ണന് പിന്നാലെ പോയവര്‍ എല്ലാം നാണം കെട്ടില്ലേ. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.