ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെ വിമർശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനിൽ. അയാൾ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. എന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കയ്യിലൊരു മഴുവുമായി അലറിച്ചാടി ഉയർന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമനെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുള്ളത് കഥകളിയിലാണ്. കലാമണ്ഡലം രാമൻകുട്ടി നായരാശാനിലാണ്. ശബരിമല വീണ്ടും ഓർമ്മയിൽ കൊണ്ടുവന്നു ആ ക്രൗര്യം.
കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനിൽ. അയാൾ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
നിശ്ശബ്ദയായി അനുസരിക്കുവോളം അവർ നിങ്ങളെ അമ്മേയെന്നു വിളിക്കും. കാൽക്കൽ വീഴും. ഒന്നു കുതറിയാൽ വെട്ടിവീഴ്ത്തും. അനുസരിക്കുമ്പോൾ അമ്മ.ചെറുത്താൽ കുലs.
മഴുവേന്തിയ മക്കളുടെ കരുത്തിൽ പുളകിതരാകുന്ന കുലീനമാതാക്കൾ രേണുകയെ ഓർമ്മിക്കണം. നിങ്ങളുടെയൊക്കെ കഴുത്തിൽ തപ്പി നോക്കിയാൽ കാണാം ആ ആദിമാതാവിന്റെ കഴുത്തിൽ പതിഞ്ഞ ഒരു മഴുവിന്റെ മുദ്ര. അതൊരോർമ്മപ്പെടുത്തലാകണം എന്നും.