പത്തനാപുരത്ത് മോഹല്‍ലാല്‍ എത്തിയത് വേദനയുണ്ടാക്കി; അദ്ദേഹത്തിന് ഗണേഷിനേക്കാള്‍ അടുപ്പം എന്നോടായിരുന്നു, എനിക്ക് ആശംസകള്‍ നേര്‍ന്ന മോഹന്‍ലാലിന് ഒരു ദിവസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല- ജഗദീഷ്
താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ്കുമാറിന്റെ പ്രചരണത്തിന് മോഹൻലാൽ എത്തിയതിൽ വിഷമമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥിയും നടനുമായ ജഗദീഷ്. വോട്ടഭ്യർഥന നടത്തിയിട്ടില്ലെങ്കിലും അവിടെ എത്തിയത് ശരിയായില്ല. പെട്ടെന്ന് തയാറാക്കിയ പരിപാടിയായിരുന്നു. അമ്മയിലെ എല്ലാ അംഗങ്ങൾക്കും അതിൽ വിഷമമുണ്ട്. ഇക്കാര്യം പലരും എന്നെ വിളിച്ച് അറിയിച്ചിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
മോഹന്‍ലാലിന്റെ പത്തനാപുരത്തേയ്ക്കുള്ള വരവലില്‍ തനിക്ക് അതിയായ വേദനയുണ്ട്. ഗണേഷിനെ കാണുന്നതിന് മുമ്പ് തന്നെ മോഹന്‍ലാലുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഗണേഷിന്റെ വീട്ടില്‍ പോയി അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. ഒരിക്കലും അങ്ങനെ നടക്കുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യം മോഹന്‍ലാലിനെ അറിയിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം എനിക്ക് വിജയം ആശംസിപ്പിക്കുകയും പിന്തുണ പറയുകയും ചെയ്‌തിരുന്നു. ആന്റണി പെരുമ്പാവൂരും എനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നീ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കും എന്നാണ് പ്രീയദര്‍ശന്‍ പറഞ്ഞത്. എന്നാല്‍ ഒരു ദിവസത്തിന്ടെ കാര്യങ്ങള്‍ വ്യത്യസ്ഥമായി തീരുകയായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സിനിമാ താരം സലിം കുമാർ താരസംഘടനയായ 'അമ്മ'യിൽ നിന്നു രാജിവച്ചു. ചലച്ചിത്ര താരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചു കൊടുത്തു. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ പത്തനാപുരത്ത് മൽസരിക്കുന്ന ഗണേഷ് കുമാറിന്റെ പ്രചാരണത്തിനു എത്തിയതാണ് സലിം കുമാറിനെ ചൊടിപ്പിച്ചത്.