പ്രതിഷേധക്കാരുടെ അഴിഞ്ഞാട്ടം തുടരുന്നു, കസ്‌റ്റഡിയിലായവര്‍ മദ്യലഹരിയില്‍, വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു - മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (12:43 IST)
ശബരിമലയിലെ സ്‌ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നു. സമാധാനപരമെന്ന് അവകാശപ്പെട്ട് ആരംഭിച്ച സമരത്തിന്റെ സ്വഭാവം മാറിയ അവസ്ഥയാണുള്ളത്. നിലയ്‌ക്കലിലും പമ്പയിലും തടിച്ചു കൂടിയ പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കുകയാണ്.  

മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌ത പ്രതിഷേധക്കാര്‍ ആന്ധ്രയില്‍ നിന്നും എത്തിയ ഒരു സ്‌ത്രീയേയും കുടുംബത്തെയും തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു. പ്രതിഷേധം കനത്തതോടെ ഇവര്‍ മടങ്ങി പോയി.

രാവിലെ മുതൽ എത്തുന്ന എല്ലാ സ്‌ത്രീകളെയും പ്രായ പരിശോധനയ്‌ക്ക് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം വിധേയമാക്കുന്നുണ്ട്.

സമരക്കാര്‍ അതിരുവിട്ടതോടെ പൊലീസ് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള സേവ് ശബരിമല പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. ഇവരെ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിലേക്കാണ് എത്തിക്കുന്നത്.

പന്തളം രാജകുടുംബാംഗങ്ങളെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

നിലയ്ക്കലിൽ യുവതികളെത്തിയ കാർ പ്രതിഷേധക്കാർ തല്ലിത്തകർത്തു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു.  മാധ്യമ സംഘത്തിനു നേര്‍ക്കും കൈയേറ്റമുണ്ടായി. റിപ്പബ്ലിക് ചാനലിലെ മാധ്യമ പ്രവര്‍ത്തക പൂജ പ്രസന്ന അടക്കമുള്ളവര്‍ക്ക് നേര്‍ക്കും ആക്രമണമുണ്ടായി. ഇവരുടെ വാഹനം തകര്‍ക്കുകയും ചെയ്‌തു.

നിലയ്ക്കലില്‍ സമരം നടത്തിയവരെ രാവിലെ പൊലീസ് ഒഴിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ പ്രകോപനപരമായ സാഹചര്യം സൃഷ്ടിച്ചതോടെ എഡിജിപി അനന്തകൃഷ്ണന്റെ നിർദ്ദേശപ്രകാരം പന്തല്‍ പൊളിച്ചു നീക്കിയത്.

പുലർച്ചെ 3.30ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങള്‍ പന്തലില്‍ ഉണ്ടായിരുന്ന സമരക്കാർ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘത്തിനെതിരെയും സമരക്കാര്‍ നീങ്ങിയതോടെ പന്തലി ഉണ്ടായിരുന്ന പ്രവർത്തകരിൽ ചിലരെ പൊലീസ് സ്ഥലത്തു നിന്നും നീക്കുകയും പിന്നാലെ പന്തല്‍ പൊളിച്ചു നീക്കുകയുമായിരുന്നു. അറസ്‌റ്റിലായവരില്‍ പലരും മദ്യപിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article