ശബരിമലയിൽ യുവതികളെ എത്തിക്കാൻ സർക്കാർ കരാർ ഏറ്റെടുത്തിട്ടില്ല, തീർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ല: മുഖ്യമന്ത്രി

വെള്ളി, 23 നവം‌ബര്‍ 2018 (08:47 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്തേക്ക് യുവതികളെ എത്തിക്കാമെന്ന് സർക്കാർ കരാർ ഏറ്റെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
 
ശബരിമലയില്‍ സ്ത്രീകളെ എത്തിക്കുന്നതിന് സര്‍ക്കാരോ സര്‍ക്കാര്‍ ഉള്‍പ്പെടുന്ന പാര്‍ടികളോ കരാര്‍ എടുത്തിട്ടില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാം. അത് വിശ്വാസികളുടെ കാര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
 
സന്നിധാനത്ത് ശരണംവിളിക്ക് വിലക്കുണ്ടെന്ന പ്രചരണം നുണയാണ്. ഇത്തരത്തിലുള്ള ഒരു വിലക്കും അവിടെ ഇല്ല. തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമാണ് ലഭിക്കുന്നത്. അവര്‍ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. എന്നാല്‍ ചിലര്‍ ബോധപൂര്‍വം തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണ്. അവര്‍ക്ക് മറ്റു ചില ലക്ഷ്യങ്ങളാണ്. അക്കാര്യം എല്ലാവരും ഇപ്പോൾ മനസിലാക്കി വരുന്നുണ്ട്. 
 
സുപ്രീംകോടതിവിധി പ്രകാരം അവിടെ എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പ്രളയാനന്തരം നവകേരളത്തെ പടുത്തുയുർത്തുന്നതിന്റെ പണിപ്പുരയിലാണ് സർക്കാർ. നാട് ഉയിര്‍ത്തെഴുന്നേല്‍ക്കരുതെന്ന് ആഗ്രഹിക്കുന്ന വിരലിലെണ്ണാവുന്ന സങ്കുചിത താത്പര്യക്കാരുണ്ട്. അവരെ അവഗണിച്ച് നാടും സമൂഹവും മുന്നോട്ടു പോകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍