നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ചു, രക്ഷിക്കാനെത്തിയ ഭര്‍ത്താവിനെയും ആക്രമിച്ചു; ഗുണ്ട അറസ്റ്റില്‍
നടുറോഡിൽ വച്ച് യുവതിയെ കടന്ന് പിടിച്ച ഗുണ്ട അറസ്‌റ്റില്‍. നിരവധി ക്രമിനല്‍ കേസില്‍ പ്രതിയായ നേതാജി നികര്‍ത്തില്‍ വീട്ടില്‍ ബിനുവാണ് (23) പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് നേതാജിക്ക് സമീപത്തെ സരിഗ വായനശാലക്ക് സമീപമായിരുന്നു സംഭവം. പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെ 37കാരിയായ വീട്ടമ്മയെ ബിനു കടന്നു പിടിച്ചു. ബഹളം കേട്ട് ഇവരുടെ ഭര്‍ത്താവ് എത്തിയെങ്കിലും പ്രതി ഇയാളെയും ആക്രമിച്ചു.
ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെ ബിനു സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ഗുണ്ടാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇയാളുടെ വിലക്ക് അവസാനിച്ചത്.