ഭക്തജനലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു

Webdunia
ബുധന്‍, 14 ജനുവരി 2015 (18:34 IST)
ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഭക്തജനലക്ഷങ്ങള്‍ മകരജ്യോതിയുടെ പുണ്യം കണ്ണുകളിലും മനസ്സിലും ആവാഹിച്ചു. പന്തളം കൊട്ടാരത്തില്‍ നിന്ന് കാല്‍‌നടയായി ശബരീശ സന്നിധിയില്‍ എത്തിച്ച തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പല മേട്ടില്‍ പുണ്യജ്യോതി തെളിഞ്ഞത്.

തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹത്തിന് ദീപാരാധാന തുടങ്ങിയപ്പോഴേക്കും സന്നിധാനവും പരിസരവും കര്‍പ്പൂര പ്രഭയാലും ശരണംവിളികളാലും നിറഞ്ഞു. വന്‍ഭക്തജനത്തിരക്കാണ് ഇത്തവണയും ശബരിമലയില്‍ അനുഭവപ്പെട്ടത്. പാണ്ടിത്താവളം, നീലിമല, അപ്പാച്ചി മേട് തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളിലും അയ്യപ്പഭക്തര്‍ തടിച്ച് കൂടിയിരുന്നു.

മകരവിളക്ക് ദര്‍ശനത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഭക്തര്‍ ഇന്നുമുതല്‍ മലയിറങ്ങാന്‍ തുടങ്ങും. അനേകം ഭക്തര്‍ ഒരുമിച്ച് മലയിറങ്ങുമ്പോഴുണ്ടാവുന്ന തിക്കും തിരക്കും ഒഴിവാക്കാന്‍ പൊലീസും അയ്യപ്പ സേവാസംഘവും ജാഗ്രത പുലര്‍ത്തുന്നു.

രാത്രി അത്താഴപൂജ കഴിഞ്ഞ്‌ പതിനൊന്നിന് നട അടയ്‌ക്കും. 11.30ന്‌ നട വീണ്ടും തുറന്ന്‌ മകരസംക്രമപൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. 12.10ന്‌ സംക്രമാഭിഷേകം കഴിഞ്ഞ്‌ ഹരിവരാസനം പാടി നട അടയ്‌ക്കുന്നതോടെ ഇത്തവണത്തെ മകരവിളക്ക്‌ ഉത്സവത്തിന്‌ സമാപനമാകും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.