തിരുവാഭരണ ഘോഷയാത്രയ്ക്ക് ബുധനാഴ്ച തുടക്കം

Webdunia
ചൊവ്വ, 12 ജനുവരി 2016 (10:19 IST)
ശബരിമലയിലെ മകര വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനടുത്ത പുത്തന്‍ മേടയില്‍ നിന്ന് പുറപ്പെടും. രാജകുടുംബത്തിലെ ഒരംഗം അന്തരിച്ചതിനെ തുടര്‍ന്ന് അശൂലം കാരണം വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുന്നതിനാല്‍ ഇത്തവണ രാവിലെ തിരുവാഭരണ ദര്‍ശനവും ഉണ്ടായിരിക്കുന്നതല്ല.

പന്തളം കൊട്ടാരം സ്‌ട്രോംഗ് റൂമിലുള്ള തിരുവാഭരണങ്ങള്‍ ശിവക്ഷേത്രം മേല്‍ശാന്തി ചെങ്കിലാത്ത് കേശവന്‍പോറ്റി 13ന് കാലത്ത് 06.15 ന് ശുദ്ധിവരുത്തും. പൂപ്പന്തലില്‍ പേടകങ്ങള്‍ ഭക്തജന ദര്‍ശനത്തിനു വയ്ക്കും. രാവിലെ 07.30 മുതല്‍ 12.30 വരെ തിരുവാഭരണ പേടകങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. എന്നാല്‍ തിരുവാഭരണ പെട്ടി തുറന്ന് ദര്‍ശനം ഇല്ല.

തുടര്‍ന്ന് ക്ഷേത്രമേല്‍ശാന്തി നീലിമല ഇല്ലത്ത് എന്‍. ഈശ്വരന്‍ നമ്പൂതിരി കര്‍പ്പൂരദീപവും നീരാജനവും ഉഴിഞ്ഞശേഷം ലിസ്റ്റും താക്കോലും ദേവസ്വം അധികാരികള്‍ക്കു കൈമാറും. ഒരുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍  ഘോഷയാത്ര ആരംഭിക്കും.

ഘോഷയാത്ര മണികണ്ഠന്‍ ആല്‍ത്തറ വഴി കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൂടെ കുളനട ദേവി ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ഇവിടെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പേടകങ്ങള്‍ തുറന്നുവയ്ക്കും ഘോഷയാത്രയില്‍ തിരുവാഭരണപേടകം തുറന്നു വെക്കുന്ന ആദ്യക്ഷേത്രമാണ് കുളനട ദേവി ക്ഷേത്രം. വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം ഇല്ലാത്തതിനാല്‍ കുളനട ദേവിക്ഷേത്രത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം ദര്‍ശനത്തിന് അവസരമുണ്ട്.

പിന്നീട് ഉള്ളന്നൂര്‍ ദേവിക്ഷേത്രം, കുറിയാനിപ്പള്ളി, കിടങ്ങന്നൂര്‍, ആറന്മുള ക്ഷേത്രം വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തി ആദ്യദിവസത്തെ യാത്ര അവസാനിക്കും. 14നു പുലര്‍ച്ചെ ആരംഭിക്കുന്ന രണ്ടാംദിന യാത്ര റാന്നി, വടശ്ശേരിക്കര, പെരുനാട് വഴി ളാഹ സത്രത്തില്‍ വിശ്രമിക്കും.

15ന് ളാഹയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നിലക്കല്‍, അട്ടത്തോട്, പാണ്ടിത്താവളംവഴി മരക്കൂട്ടത്തില്‍ എത്തും അവിടെനിന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തില്‍ എത്തിക്കും.