ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്.
പന്തളത്തെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ഭക്തജനത്തിനു ദര്‍ശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം അധികാരികള്‍ ഏറ്റുവാങ്ങി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വലിയ കോയിക്കല്‍ ക്ഷേത്ര സോപാനത്തില്‍ ദര്‍ശനത്തിനു വയ്ക്കും. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള, മരുതമന ശിവന്‍ പിള്ള, കിഴക്കേ തോട്ടത്തില്‍ പ്രതാപ ചന്ദ്രന്‍ നായര്‍ എന്നിവര്‍ അടങ്ങുന്ന 22 സംഘത്തിലെ മൂന്നു പേര്‍ തിരുവാഭരണങ്ങള്‍ ശിരസിലേറ്റും.
ഘോഷയാത്ര രാജപ്രതിനിധി നയിക്കും. മകര വിളക്ക് ദിവസം ശബരിമലയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികാരികള്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം പടി കയറി വരുന്ന ഘോഷയാത്ര സംഘത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി തിരുവിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് സര്‍വഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് ദീപാരാധന നടക്കും. ഭക്ത സഹസ്രങ്ങള്‍ ദര്‍ശന പുണ്യം നേടി മലയിറങ്ങും.