അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്‌തെന്നാണ് ആരോപണം. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉണ്ടായിരുന്നു. ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്ന് ബാബു പ്രചരണം നടത്തി. സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ തോല്‍വിയാണെന്ന് ബാബു പ്രചരിപ്പിച്ചെന്നും ചുവരെഴുത്തില്‍ അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു.
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പ് അഴിമതിയാണ്. അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചു. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തിരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. തെളിവ് സഹിതമാണ് സ്വരാജ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാബു വിതരണം ചെയ്ത സ്ലിപ്പുകള്‍ സ്വരാജ് കോടതിയില്‍ ഹാജരാക്കും.