ശബരിമലയിൽ കയറുന്നതിനായി പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ഭയന്ന് തിരിച്ച് പോകുന്ന പരിപാടിയില്ലെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഒരാൾക്ക് മാത്രമായി പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തൃപ്തി തന്റെ നിലപാട് വ്യക്തമാക്കിയത്.
മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാൽ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നൽകാനാകില്ലെന്നാണ് കേരള പൊലീസ് അറിയിച്ചത്. സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയിൽ കയറുമെന്നും സന്ദർശനത്തിനിടെ എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും തൃപ്തി അറിയിച്ചു.
ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ നൽകണം എന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിന്നു. ആറ് വനിതകളോടൊപ്പമാണ് തൃപ്തി മല ചവിട്ടുക. 21, 22, 23 എന്നീ ദിവസങ്ങളിലേതിലെങ്കിലും തങ്ങൾ ശബരിമലയിൽ കയറും എന്നാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ ചെകുത്താനും കടലിനും നടുക്കാണ് സർക്കാർ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.