തങ്ങളെ ദുര്‍ബലപ്പെടുത്തിയ സിപിഎമ്മിലേക്ക് തിരിച്ചില്ല: എഎ അസീസ്

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (12:55 IST)
ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും, യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാനുള്ള സാഹചര്യം ഇന്നില്ലെന്നും ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ് എംഎല്‍എ. എല്‍ഡിഎഫിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആര്‍എസ്‌പി സംസ്ഥാന സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആര്‍എസ്‌പിയെ ദുര്‍ബലപ്പെടുത്തിയത് സിപിഎമ്മാണ്. വര്‍ഗീയ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന ബിജെപിയെ തടയാന്‍ ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പോരാടണം. എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള മതേതര പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അസീസ് പറഞ്ഞു.

ആര്‍.എസ്.പി(ബി) വിഭാഗം ആര്‍.എസ്.പിയില്‍ ലയിച്ചതിന് ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് നടക്കുന്നത്.  1006 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്‌ചയാണ് സമ്മേളനം അവസാനിക്കുക.