ആര്‍ എസ് വിമല്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ' കർണ്ണൻ'; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററില്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തി പൃഥ്വി

Webdunia
ശനി, 16 ജനുവരി 2016 (13:44 IST)
തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ വിജയം സമ്മാനിച്ച സംവിധായകനോടൊപ്പം പൃഥ്വിരാജ് വീണ്ടും. നാല്‍പ്പത്തിയഞ്ച് കോടിയോളം മുതല്‍മുടക്കുള്ള ചിത്രമെന്ന സവിശേഷതയോടെ എത്തുന്ന 'കര്‍ണ്ണ'നില്‍ ആണ് പൃഥ്വിയും ആര് എസ് വിമലും വീണ്ടും ഒന്നിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ദുബായിലെ ബുര്‍ജ് അല്‍ അറബിലെ അല്‍ ഫലാക് ബോളില്‍ നടന്ന ചടങ്ങിലായിരുന്നു ഈ  സിനിമയുടെ പ്രഖ്യാപനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പുറത്തുവിട്ടു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചിലവു കൂടിയ സിനിമയായിരിക്കും 'കര്‍ണ്ണന്‍ '.

സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇന്ത്യയില്‍ നിന്നും ഹോളിവുഡില്‍ നിന്നുമുള്ള കഴിവുള്ള ഒരു പറ്റം നടി- നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ടു വരുമെന്നും നിര്‍മ്മതാവ് വേണു കുന്നപ്പിള്ളി അറിയിച്ചു. ആരാധകര്‍ കാത്തിരുന്നതു വെറുതെ ആയില്ലെന്നു തെളിയിച്ചായിരുന്നു 'കര്‍ണ്ണ'ന്റെ മോഷന്‍ പോസ്റ്റര്‍ പൃഥ്വിയുടെ ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'എന്ന് നിന്റെ മൊയ്തീന്‍ ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കര്‍ണ്ണന്’ വന്‍ പ്രേക്ഷക പ്രതീക്ഷയാണുള്ളത്. സിനിമയുടെ തിരക്കഥാജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് പൂര്‍ത്തിയായാല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ആര്‍ എസ് വിമല്‍ പറഞ്ഞു.