ഗുണ്ടാവേട്ടയ്ക്ക് ഋഷിരാജ് സിംഗിനെ നിയോഗിച്ചേക്കും

ശനി, 22 നവം‌ബര്‍ 2014 (15:01 IST)
ചെല്ലുന്ന വകുപ്പുകള്‍ മുഴവന്‍ ശുദ്ധികലശം നടത്തുന്ന എഡിജിപി ഋഷിരാജ്‌സിംഗിനെ വീണ്ടും സര്‍വീസില്‍ തിരികെയെത്തിക്കാന്‍ ആഭ്യന്തര വകുപ്പ് കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതായുഇ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം രൂക്ഷമായ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് സിംഗിനെ തിരികെ വകുപ്പിലേക്കെത്തിക്കുന്ന കാര്യം ആലോചിക്കുന്നത്.

നിലവില്‍ കെഎസ്‌ഇബി. വിജിലന്‍സ്‌ ഓഫീസറായ ഋഷിരാജ്‌ ഇതിനകം വൈദ്യുതി മോഷണക്കേസില്‍ ഒട്ടേറെ വമ്പന്‍മാരെ കുടുക്കി. ഇതോടെയാണ് ആഭ്യന്തര വകുപ്പ് ഗുണ്ടാ വേട്ടയ്ക്ക് ഋഷിരാജിനെ നിയോഗിക്കാന്‍ ആലോചിച്ചത്. ഇദ്ദേഹത്തിന്റെ സേവനം ആഭ്യന്തരവകുപ്പിനു വിട്ടുനല്‍കാന്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനോട്‌ അഭ്യര്‍ഥിക്കും. ആര്യാടന്‍ അംഗീകരിച്ചാല്‍ ഋഷിരാജ്‌ സംസ്‌ഥാനതലത്തില്‍ ആദ്യത്തെ ഗുണ്ടാ സ്‌ക്വാഡിന്റെ തലവനാകും.

ഇതിന്റെ ഭാഗമായി, ഇന്റലിജന്‍സ്‌/ക്രൈംബ്രാഞ്ച്‌ എഡിജിപിമാരോടു സംസ്‌ഥാനത്തെ ഗുണ്ടാസംഘങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തു രണ്ടായിരത്തോളം സജീവഗുണ്ടാസംഘങ്ങളുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍തടങ്കല്‍ കാലാവധി ഒരുവര്‍ഷമായി ഉയര്‍ത്തി നടപടികള്‍ക്ക് തുടക്കമിടാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്.

കൊള്ളപ്പലിശക്കാരെ അമര്‍ച്ചചെയ്യാന്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കുബേര, ലഹരിമരുന്നിനെതിരായ ക്ലീന്‍ കാമ്പസ്‌, സേഫ്‌ കാമ്പസ്‌ പദ്ധതികള്‍ക്കും ഐ.പി.എസ്‌/ഐ.എ.എസ്‌. ഉന്നതരെ കുടുക്കിയ വിജിലന്‍സ്‌ നീക്കങ്ങള്‍ക്കും പിന്നാലെയാണ്‌ ആഭ്യന്തരവകുപ്പ്‌ ഗുണ്ടാവേട്ടയ്‌ക്ക്‌ ഒരുങ്ങുന്നത്‌. മതതീവ്രവാദസംഘടനകളെ ഒതുക്കാനും ഗുണ്ടാ സ്‌ക്വാഡിന്‌ അധികാരം നല്‍കും. ഋഷിരാജിന്റെ സേവനം ലഭിച്ചാലുമില്ലെങ്കിലും ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതിനായുള്ള വ്യക്‌തമായ രൂപരേഖ ആഭ്യന്തരവകുപ്പ്‌ തയാറാക്കിയതായാണ് വിവരം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക