ബാങ്ക് അക്കൗണ്ടുകൾ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം: ആര്‍ബിഐ

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (18:53 IST)
ബാങ്ക് അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആര്‍ബിഐ ഉത്തരവില്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ആര്‍ബിഐ വിശദീകരണം നല്‍കിയത്.

കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണം.  ഇക്കാര്യം നടപ്പിലാക്കുന്നതിനായി ബാങ്കുകള്‍ ഇനിയൊരു ഉത്തരവിനായി കാത്തിരിക്കേണ്ടതില്ല. നിര്‍ദ്ദേശം അടിയന്തരമായി നടപ്പിലാക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

ഡിസംബര്‍ 31മുമ്പ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആധാർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിക്കണമെന്നു ആർബിഐ ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ പ്രകാരം വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ആര്‍ബിഐ രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article