തമിഴ്നാട്ടില്‍ പൊതുജനത്തിനു വിതരണം ചെയ്യാനുള്ള 140 ചാക്ക് റേഷനരി അതിര്‍ത്തി കടന്ന് പാലക്കാട്ടേക്ക് കൊണ്ടുവരവേ അധികാരികള്‍ പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര പൊലീസ് അരിയും കടത്താന്‍ ഉപയോഗിച്ച ലോറിയും ഡ്രൈവറെയും പിടികൂടി.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണു അരി പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ പാറശാല അറുത്തിയില്‍ പുത്തന്‍ വീട്ടില്‍ മോഹനന്‍ എന്ന 52 കാരനൊപ്പം കെ എല്‍ 01-ബി 2842 ലോറിയും 75 കിലോ വീതം വരുന്ന 140 ചാക്ക് അരിയുമാണു പിടിച്ചെടുത്തത്.
തമിഴ്നാട് റേഷനരി സ്വകാര്യ കമ്പനിയുടെ ചാക്കുകളില്‍ നിറച്ചായിരുന്നു പൊതുവിപണിയില്‍ വില്‍ക്കാനായി കൊണ്ടുവന്നത്. പാറശാലയിലെ ഇഞ്ചിവിളയിലെ സ്വകാര്യ ഗോഡൌണില്‍ എത്തിച്ച ശേഷം അരി പുതിയ ചാക്കുകളില്‍ നിറയ്ക്കുകയായിരുന്നു. സി ഐ ജി.സന്തോഷ് കുമാര്‍, എസ് ഐ എസ്.എല്‍.അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അരി പിടികൂടിയത്.