രണ്‍ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചതില്‍ സംതൃപ്തിയെന്ന് ഭാര്യ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജനുവരി 2024 (17:08 IST)
renjith
Ranjith Sreenivas Murder case: രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ എല്ലാപ്രതികള്‍ക്കും വധശിക്ഷ ലഭിച്ചതില്‍ തൃപ്തിയെന്ന് കുടുംബം. തങ്ങളുടെ നഷ്ടം വലുതാണെങ്കിലും കോടതിവിധിയില്‍ ആശ്വാസമുണ്ടെന്നും സത്യസന്ധമായി കേസ് അന്വേഷിച്ച് പൊലീസിനും കഠിനമായി പ്രയത്‌നിച്ച പ്രോസിക്യൂട്ടറിനും നന്ദി പറയുന്നുവെന്നും കുടുംബം അറിയിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് പോലും അവശേഷിക്കാത്തവിധം ക്രൂരമായിരുന്നു കൊലപാതകമെന്നും രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. 
 
രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍.
 
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസനെ വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് പ്രതികള്‍ കൊലപ്പെടുത്തിയത്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍. 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article