സംസ്ഥാനത്തു കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കുമെന്നും കൊള്ളപ്പലിശ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊള്ളപ്പലിശക്കാരെയും അനധികൃത ചിട്ടി കമ്പനികളേയും പിടികൂടാൻ ഓപ്പറേഷൻ കുബേരയുടെ രണ്ടാം ഘട്ടമായി റെയ്ഡുകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊള്ളപ്പലിശക്കാരെ കണ്ടെത്താൻ എസ്.പിമാരുടെ നേതൃത്വത്തിൽ ഇന്നു മുതൽ സംസ്ഥാനതലത്തിൽ റെയ്ഡുകൾ ആരംഭിക്കും. ഓപ്പറേഷൻ കുബേരയുടെ നോഡൽ ഓഫീസറായി അരുൺ കുമാർ സിൻഹയെ നിയമിച്ചിട്ടുണ്ട്. എ.ഡി.ജി.പിമാരായ എ.ഹേമചന്ദ്രൻ, കെ.പദ്മകുമാർ എന്നിവരേയും നോഡൽ ഓഫീസർമാരാക്കിയിട്ടുണ്ട്. കൊള്ളപ്പലിശക്കാരെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ ആഭ്യന്തര മന്ത്രിയുടെ ഫോണിൽ വിളിച്ചോ, പൊലീസിന്റെ വെബ്സൈറ്റ് വഴിയോ, വാട്സ് ആപ്പ്, എസ്.എം.എസ് എന്നിവ വഴിയോ പൊലിസിനെ അറിയിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.