ബാബുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചത് നിയമാനുസൃതമായി: ചെന്നിത്തല

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2015 (11:35 IST)
ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനും കെഎം മാണിക്കും ഇരട്ട നീതിയാണ് നടപ്പിലാക്കിയതെന്ന പ്രതിപക്ഷത്തിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചത് നിയമാനുസൃതമായി കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ്. കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ വിജിലൻസിന് അന്വേഷണം നടത്താം. അന്വേഷണത്തിൽ സർക്കാരിനോ വിജിലൻസിനോ ഇരട്ടനീതിയില്ലെന്നും മന്ത്രി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനും കെഎം മാണിക്കും ഇരട്ട നീതിയാണ് നടപ്പിലാക്കിയതെന്ന് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ടയാള്‍ മന്ത്രിസഭയ്ക്കു പുറത്തും പത്തു കോടി ആരോപണം നേരിടുന്ന ആള്‍ മന്ത്രിസഭയില്‍ തുടരുകയാണെന്നും കോടിയേരി ആരോപിച്ചു.

ഒരേ പന്തിയില്‍ രണ്ടുതരം സദ്യ വിളമ്പുന്ന രീതിയാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നത്. ആരോപണം ഉണ്ടായപ്പോഴെക്കെ മാണിക്കെതിരെ ക്വിക് വേരിഫിക്കേഷനും എഫ് ഐ ആറും രജിസ്‌റ്റര്‍ ചെയ്‌ത സര്‍ക്കാര്‍ ബാബിവിന്റെ കാര്യത്തില്‍ ഒന്നും ചെയ്യുന്നുല്ല. ബാബുവിനെതിരെ വിജിലന്‍‌സ് മാനുവലില്‍ പോലും ഇല്ലാത്ത പ്രാഥമികാന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടിയേരി സഭയില്‍ പറഞ്ഞു.