ഉദ്യോഗസ്ഥരെ ലക്ഷ്മണരേഖ കടക്കാന്‍ അനുവദിക്കില്ല: ആഭ്യന്തരമന്ത്രി

Webdunia
ശനി, 31 ഒക്‌ടോബര്‍ 2015 (11:54 IST)
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ച ഡിജിപി ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ലക്ഷ്മണരേഖ കടന്നാല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതി വിധി വന്നതിന് പിന്നാലെ ഏതെങ്കിലും ഘട്ടത്തില്‍ സത്യം വിജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് ജേക്കബ് തോമസ് തുറന്നിടിച്ചിരുന്നു. ഇതിനെതിരെ ഡിജിപി ടിപി സെന്‍കുമാറും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താനും സെന്‍കുമാറിനെ പോലെ ഒരു ഡിജിപിയാണെന്നും മാധ്യമങ്ങളെ കാണുമ്പോള്‍ വായില്‍ ടേപ്പ് ഒട്ടിക്കണമെന്ന് കരുതിയില്ലെന്നും ജേക്കബ് തോമസ്സും വെളളിയാഴ്ച്ച തരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.