അട്ടിമറിയും വോട്ട് ചോര്‍ച്ചയും ഇല്ല, വയലാര്‍ രവി വീണ്ടും രാജ്യസഭയിലേക്ക്

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (17:29 IST)
സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്ന മൂന്നു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡി‌എഫ് സ്ഥാനാര്‍ഥികളായ രണ്ട് പേരും എല്‍ഡി‌എഫിന്റെ ഒരാളും വിജയിച്ചു. യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്ലിംലീഗിലെ പി വി അബ്ദുല്‍ വഹാബുമാണ്  രാജ്യസഭയിലെത്തുക.  ഇടതുപക്ഷത്തിന്റെ അംഗമായി കെ കെ രാഗേഷും രാജ്യസഭയിലെത്തും.

വയലാര്‍ രവിക്ക് 37 വോട്ടൂം വഹാബിന് 36 വോട്ടുമാണ് ലഭിച്ചത്. അതേസമയം കെ കെ രാഗേഷിന് 35 വോട്ട് ലഭിച്ചതെന്നാണ് സൂചന. യു ഡി എഫിന് രണ്ട് സീറ്റ് വിജയിക്കാന്‍ ആവശ്യമായ അംഗബലമുണ്ടായിരുന്നതിനാല്‍ രണ്ട് സ്ഥാനാര്‍ഥികളും വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ യു ഡി എഫുമായി ഇടഞ്ഞു നില്‍ക്കുന്ന പി സി ജോര്‍ജ്, കെ ബി ഗണേഷ് കുമാര്‍, ജനതാദള്‍ എന്നിവരില്‍ പ്രതീക്ഷ വച്ച് ഇടതുപക്ഷം രണ്ട് സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കിയതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

ഇടതുപക്ഷത്ത് നിന്ന് കെ കെ രാഗേഷിനെ കൂടാതെ സിപി‌ഐയിലെ കെ രാജനും മത്സര രംഗത്തുണ്ടായിരുന്നു. ഇരുപക്ഷത്തുനിന്നും അട്ടിമറികളോ വോട്ട് ചോര്‍ച്ചയോ ഉണ്ടായിട്ടില്ല. ബാലറ്റ് പേപ്പറില്‍ ഇത്തവണ നിഷേധ വോട്ടിനുള്ള( നോട്ട) അവസരം കൊണ്ടുവന്നു എന്നതാണ് പ്രത്യേകത. എന്നാല്‍ നോട്ടയ്ക്ക് ആരും വോട്ട് ചെയ്തില്ല. ആകെ 139 വോട്ടുകളാണ് ഉള്ളത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്  നടന്നത്. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെണ്ണല്‍ നടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.