വിദ്വേഷ പ്രസംഗം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോടതിയിൽ അനുഗമിച്ച ജെഎസ്എസ് നേതാവ് എഎൻ രാജൻബാബുവിന്റെ നിലപാടുകളെ യുഡിഎഫ് ഒരിക്കലും അംഗീകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ. വിഷയത്തില്‍ ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജൻ ബാബുവിന്റേത് മുന്നണി മര്യാദയുടെ ലംഘനമാണ്. യുഡിഎഫിൽ നിന്നു കൊണ്ട് വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാൻ പോയത് ശരിയല്ല. ഇത് ഗൗരവമായാണ് യുഡിഎഫ് കാണുന്നത്. കക്ഷി നേതാക്കളുടെ യോഗത്തിൽ രാജൻ ബാബുവിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റവും ചർച്ച ചെയ്യുമെന്നും ഹസൻ പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശനെ കോടതിയിൽ അനുഗമിച്ചത് തെറ്റായിരുന്നുവെന്ന് രാജൻ ബാബു പറഞ്ഞു. ഇക്കാര്യത്തിൽ തന്‍റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. യുഡിഎഫിൽ ഉറച്ചു നിൽക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. യുഡിഎഫിന് എസ്എൻഡിപിയുമായി ബന്ധമില്ലെങ്കിൽ തനിക്കും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന് എസ്എൻഡിപിയുമായി ബന്ധമില്ലെങ്കിൽ തനിക്കും ബന്ധമില്ല. യുഡിഎഫും വെള്ളാപ്പള്ളിയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി താൻ കരുതുന്നില്ല. വെള്ളാപ്പള്ളിയുടെ പാർട്ടിയോടുള്ള നിലപാട് എന്താണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും രാജൻബാബു ആവശ്യപ്പെട്ടു. ജെഎസ്എസ് യുഡിഎഫിൽ തുടരും. നിലവിലെ സാഹചര്യം ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നും രാജൻ ബാബു പറഞ്ഞു.
എന്നാല്‍, ജൻബാബുവിന്റെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തി. യുഡിഎഫിന് കൃത്യമായ നയങ്ങളും നിലപാടുകളുമുണ്ട്. അതിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് മുന്നണിയിൽ സ്ഥാനമുണ്ടാവില്ലെന്ന് ജനരക്ഷാ മാർച്ചിന്റെ ഭാഗമായി കോഴിക്കോട് വെച്ചു അദ്ദേഹം പറഞ്ഞു.