മഴ നനഞ്ഞ കേരളത്തില്‍ എട്ടു മരണം; മഴ തുടരും

Webdunia
ഞായര്‍, 24 ഓഗസ്റ്റ് 2014 (11:24 IST)
സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന തകര്‍പ്പന്‍ മഴയില്‍ എട്ടു മരണം. ശനിയാഴ്ച മാത്രം ആറു പേരാണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൂന്നു പേരും പത്തനംതിട്ടയില്‍ രണ്ടും മലപ്പുറം നിലമ്പൂരില്‍ ഒരാളുമാണ് മരിച്ചത്. തൃശൂരില്‍ ഒഴുക്കില്‍പെട്ട് രണ്ടു പേരെ കാണാതായി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. 30ഓളം വീടുകള്‍ പൂര്‍ണമായും 100ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 25 ദുരിതാശ്വാസ ക്യാമ്പുകളിലായി 1500 ലധികം പേരാണ് കഴിയുന്നത്. കൊല്ലത്ത് ശനിയാഴ്ച മാത്രം 50 വീടുകളാണ് ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നത്. 11 ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

പത്തനംതിട്ട കോന്നി മേഖലയിലെ കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളും തണ്ണിത്തോട്ടില്‍ മണ്ണിടിഞ്ഞ് 14 വീടുകളും തകര്‍ന്നു. കോട്ടയം കൊക്കയാര്‍ മുക്കുളത്ത് ഉരുള്‍പൊട്ടി ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. ആലപ്പുഴ ജില്ല വീണ്ടും വെള്ളക്കെട്ടായി മാറി.

തൃശൂരില്‍ ശനിയാഴ്ച ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ആലപ്പുഴ ജില്ല വീണ്ടും വെള്ളക്കെട്ടായി മാറി. പലയിടങ്ങളിലും കടല്‍ക്ഷോഭമുണ്ടായി. മലപ്പുറത്ത് നിലമ്പൂര്‍, കരുവാരക്കുണ്ട്, കാളികാവ്, മേഖലകളില്‍ കൃഷിക്കുള്‍പ്പെടെ വ്യാപക നാശനഷ്ടമുണ്ട്.