ജനജീവിതം താറുമാറാക്കി കാലവര്‍ഷം; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ - ഒമ്പതു വയസുകാരി മരിച്ചു
വ്യാഴം, 14 ജൂണ്‍ 2018 (09:21 IST)
കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മരണം. കരിഞ്ചോലയില്‍ അബ്ദുൾ സലീമിന്റെ മകൾ ദിൽന(9)യാണ് മരിച്ചത്.
താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമൽ ഭാഗങ്ങളിലും ഉരുൾപൊട്ടി.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നു.
മഴ ശക്തമായതോടെ താമരശേരി ചുരത്തിലും വൻഗതാഗതക്കുരുക്കാണുള്ളത്. പുല്ലൂരാംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.
ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. ദേശീയ ദുരന്തനിവാരണസേന ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സേന എത്തുന്നത്.