വോട്ടിനെ താരമാക്കി താരങ്ങ‌ൾ.... കാറ്റും മഴയും ഒരു പ്രശ്നമേ അല്ല !

Webdunia
തിങ്കള്‍, 16 മെയ് 2016 (15:03 IST)
കാറ്റും മഴയും ഒന്നും പ്രശ്നമല്ലാതെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. പ്രതികൂല കാലാവസ്ഥയിലും ക്യൂ നിന്ന് വോട്ട് ചെയ്യാൻ സിനിമ-രാഷ്ട്രീയ താരങ്ങളുമുണ്ടായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ വിവിധ മേഖലകളിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. സുരേഷ് ഗോപി എം പി തിരുവനന്തപുരം ശാസ്തമംഗലം ഹയര്‍ സെക്കണ്ടറി സൂളില്‍ വോട്ടു രേഖപ്പെടുത്തി.  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി.
 
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും പിണറായി വിജയന്‍ ധര്‍മ്മടത്തും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശ്രീശാന്ത് കൊച്ചിയിലാണ് വോട്ടു ചെയ്തത്. നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ് വോട്ട് രേഖപ്പെടുത്തിയത്. നടനും സ്ഥാനാര്‍ത്ഥിയുമായ മുകേഷ് കൊല്ലത്തെ തന്റെ സ്കൂളിലും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊല്ലത്ത് ചെമ്മക്കാട് ബൂത്തിലും വോട്ട് ചെയ്തു. നടി ശരണ്യ മോഹന്‍ പറവൂരില്‍ എത്തി വോട്ട് രേഖപ്പെടുത്തി.
 
സിനിമ ചിത്രീകരണത്തിനിടെ നടി കാവ്യാ മാധവൻ കൊച്ചിയിലും ദിലീപ് ആലുവയിലും വോട്ട് രേഖപ്പെടുത്തി. നടനും സംവിധായകനുമായ ശ്രീനിവാസൻ ഭാര്യയ്ക്കൊപ്പമെത്തി തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തി. പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥിയായ് ഗണേഷ്കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. ഭിന്നലിംഗക്കാരിൽ നിന്നും സുജല്യും സൂര്യയും കന്നിവോട്ട് രേഖപ്പെടുത്തി.
 
കോഴിക്കോട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം കെ മുനീര്‍, തൃപ്പൂണിത്തുറ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയും, മന്ത്രിയുമായ കെ ബാബു എന്നിവരും തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഡോ തോമസ് ഐസക്, ഗവർണർ പി സദാശിവം  എന്നിവരും വോട്ട് രേഖപ്പെടുത്തി.
 
Next Article