തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയില്‍ ബണ്ട് പൊട്ടി ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. താത്ക്കാലികമായി നിര്‍മിച്ച ബണ്ട് പൊട്ടിയതോടെ കിള്ളിയാറിന്റെ കൈവഴില്‍ നിന്നുള്ള വെള്ളമാണു വീടുകളിലേക്കു കയറിയത്. വന്‍ നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
ശനിയാഴ്‌ച രാത്രിയില്‍ പെയ്‌ത കനത്ത മഴയില്‍ ബണ്ട് പൊട്ടുകയും പ്രദേശത്തുള്ള മുഴുവന്‍ വീടുകളിലേക്കും വെള്ളം ഇരച്ചുകയറുകയുമായിരുന്നു. വീടുകളുടെ ആദ്യത്തെ നിലയിലുള്ള മുറികളില്‍ പൂര്‍ണമായും വെള്ളം നിറഞ്ഞു. വീട്ടുപകരണങ്ങള്‍ പലതും ഒഴുകിപ്പോയി. 200ലേറെ വീടുകളിലേക്കു വെള്ളം കയറുന്നുണ്ട്. പ്രദേശത്ത് ഇരുനില വീടുകളാണ് അധികവും. ആളുകള്‍ മുകളിലത്തെ നിലയില്‍ കയറി നില്‍ക്കുകയാണ്. പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേനയും പൊലീസും എത്തിച്ചേര്‍ന്നിരുന്നു.