ഷൊര്‍ണൂരിലും മാന്നന്നൂരിലും റെയില്‍വേലൈനില്‍ അട്ടിമറിശ്രമം

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (11:15 IST)
ഷൊറണൂരിലും മാന്നന്നൂരിലും റെയില്‍വേലൈനില്‍ അട്ടിമറിശ്രമം നടന്നതായി കാണ്ടെത്തി. ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന് സമീപം രണ്ടിടത്ത് സിഗ്നല്‍ സംവിധാനം തകരാറിലാക്കിയും മാന്നന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ബോള്‍ട്ട് നീക്കി റെയില്‍വേ ഇലക്ട്രിക് ലൈനിലെ എടിഡി സംവിധാനം വീഴ്ത്തിയുമാണ് അപായശ്രമം നടന്നത്.

മനഃപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയ അട്ടിമറി ശ്രമമാണിതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം, ബുധനാഴ്ച പകല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും വ്യാഴാഴ്ച രാത്രിയാണ് ലോക്കല്‍ പോലീസിന് പരാതി കൈമാറിയിട്ടുള്ളത്. സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥ അന്വേഷണവും നടത്തുന്നുണ്ട്. സംഭവത്തില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് സൂചന.

ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് ഭാരതപ്പുഴ സ്റ്റേഷന്‍ ഭാഗത്ത് സിഗ്നല്‍-ട്രാക്ക് സര്‍ക്യൂട്ട് വയര്‍ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തതായാണ് കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്ത് പി.എല്‍.ഡി. ബോക്‌സും റെയില്‍വേ വയറും തമ്മിലുള്ള സര്‍ക്യൂട്ട് മുറിച്ചതായും കണ്ടെത്തി. സിംഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാതായപ്പോള്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം കണ്ടെത്തിയത്.

മാന്നന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ 600 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് 667 കിലോഗ്രാം ഭാരമുള്ള ഇരുമ്പിന്റെ ഓട്ടോ ടെന്‍സിങ് ഡിവൈസാണ് രണ്ട് ട്രാക്കിന് ഇടയിലായി വീണുകിടന്നിരുന്നത്. ബുധനാഴ്ച പകല്‍ 11.55-ഓടെ തീവണ്ടിയിലെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം കൈമാറുകയായിരുന്നു.

ഇത് ട്രാക്കില്‍ വീണിരുന്നെങ്കില്‍ വന്‍ അപകടത്തിന് വഴിവെക്കുമായിരുന്നു. ഇലക്ട്രിക് ലൈനുകള്‍ വലിഞ്ഞുനില്‍ക്കാനായി ഘടിപ്പിക്കുന്ന ഉപകരണമാണ് ഇതെന്നാണ് വിവരം. ബോള്‍ട്ട് നീക്കി ഉപകരണം താഴെ വീഴ്ത്തിയതാണെന്നാണ് നിഗമനം. സംഭവത്തില്‍ റെയില്‍വേ ഷൊര്‍ണൂരിലെയും ഒറ്റപ്പാലത്തെയും ലോക്കല്‍ പോലീസിന് പരാതി കൈമാറി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.