റയിൽവേ ജോലി തട്ടിപ്പ്: മുഖ്യപ്രതി അശ്വതിവാര്യർ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 7 ജൂലൈ 2022 (19:24 IST)
കോഴിക്കോട്: റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അശ്വതി വാര്യരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറമെ എടപ്പാൾ വട്ടക്കുളം കാവുംപ്ര സ്വദേശി അശ്വതി വാര്യരെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.

കേസിലെ പ്രതികളായ മുക്കം വല്ലാത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെ കഴിഞ്ഞ ദിവസം തന്നെ മുക്കം പോലീസ് പിടികൂടിയിരുന്നു. വഞ്ചനാ കുറ്റം ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ താമരശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

മുക്കം, തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ഇവർക്കെതിരെ നിരവധി പരാതികളാണ് ഉയർന്നത്. മലബാർ പ്രദേശത്തു മാത്രം അഞ്ഞൂറ് പേരെങ്കിലും ഇവരുടെ തട്ടിപ്പിന് ഇരയായി എന്നാണു കണക്കാക്കുന്നത്. ചിലർക്ക് വ്യാജ നിയമന ഉത്തരവും ഇവർ നൽകിയിരുന്നു. കോവിഡ് കാലമായതിനാൽ വർക്ക് ഫ്രെയിം ഹോം എന്ന് പറഞ്ഞു ജോലി നൽകുകയും തുടക്കത്തിൽ 35000 രൂപ വരെ പ്രതിഫലവും നൽകി തുടങ്ങി.

ഇതോടെ ഇവരെ യുവാക്കൾക്ക് വിശ്വാസം വരുകയും നിരവധി പേർ ജോലി ലഭിക്കാനായി പണം നൽകാനും തുടങ്ങി. എന്നാൽ കോടിക്കണക്കിനു രൂപ കൈവന്നതോടെ ഇവർ മുങ്ങുകയായിരുന്നു. ഇതിൽ റയിൽവേ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിൽ എത്തിയ അശ്വതി വാര്യരാണ് നേതൃത്വം വഹിച്ചത്. ഷിജു പ്രധാന ഇടനിലക്കാരനും.  

അനുബന്ധ വാര്‍ത്തകള്‍

Next Article