പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരിക്കെ ക്വാറി ഉടമകളില്‍നിന്ന് 17 ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ എസ്‌പി: രാഹുല്‍ നായരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് ഡയറക്‌ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണിത്.
കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലാകുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്‌ഥനാണു രാഹുല്‍ നായര്‍. ഇപ്പോള്‍ എംഎസ്‌പി കമാന്‍ഡന്റാണ് അദ്ദേഹം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ രാഹുലിനെ ഒന്നാം പ്രതിയാക്കിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വൈക്കം സ്വദേശി അജിത്തിനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
പൂട്ടിയ ക്വാറി തുറക്കാന്‍ ക്വാറി ഉടമയോട് 20 ലക്ഷം കൈക്കൂലി ചോദിച്ച രാഹുല്‍ 17 ലക്ഷം കൈപ്പറ്റിയെന്നു വിജിലന്‍സ് പ്രത്യേകസംഘം കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ എസ്‌പി: ആര്‍ സുകേശനാണ് അന്വേഷണച്ചുമതല. പൊലീസിനെ ഉപയോഗിച്ചു മറ്റു ചില ക്വാറി ഉടമകളില്‍നിന്നു രാഹുല്‍ നായര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്നു വിജിലന്‍സ് സംഘം അറിയിച്ചു.
അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കേസന്വേഷണം വഴിതെറ്റിക്കാന്‍ രാഹുല്‍ ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നു. കേസില്‍ ഉള്‍പ്പെടുമെന്നു കണ്ടപ്പോള്‍ വ്യാജ ആരോപണം ഉന്നയിച്ച രാഹുല്‍ നായര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ദക്ഷിണ മേഖലാ ഐ.ജി: മനോജ് ഏബ്രഹാം ഡിജിപിക്കു പരാതി നല്‍കി. ക്വാറികള്‍ തുറപ്പിക്കാന്‍ ഐ.ജി. തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി രാഹുല്‍ നായര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ മൊഴിയില്‍ കഴമ്പില്ലെന്നു കണ്ടു വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ പോള്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്‌തു.
അതീവരഹസ്യസ്വഭാവമുള്ള മൊഴി മാധ്യമങ്ങള്‍ക്കു നല്‍കി അന്വേഷണത്തെ തകിടംമറിക്കാന്‍ രാഹുല്‍ ശ്രമിച്ചെന്നു ഡിജിപി: കെഎസ് ബാലസുബ്രഹ്‌മണ്യം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി: അനന്തകൃഷ്‌ണനെ ചുമതലപ്പെടുത്തി.