കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയ്ക്കും മകന്‍ കെ ബി ഗണേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി അനൂപ് ജേക്കബ്. കുടുംബം രക്ഷിക്കാനറിയാത്തവരാണ് കേരളം രക്ഷിക്കാന്‍ പോകുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
പിള്ളയും ഇളയ മകളും കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൃത നിയമനം ആവശ്യപ്പെട്ട് തന്നെ സമീപിച്ചു. ഇതിന് താന്‍ തയ്യാറായില്ലെന്നും അതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തന്റെ പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രിയുടെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഗണേഷ് കുമാര്‍ സ്വന്തം വീടു പോലും കൊണ്ടുനടക്കാന്‍ കഴിയാത്തവനാണ്. വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത് വി എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെയാണ്. വി എസ് ആദ്യം സ്വന്തം മകനെ നന്നാക്കട്ടെയെന്നും അനൂപ് ജേക്കബിന്റെ പോസ്റ്റില്‍ പറയുന്നു.
അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“സുഹൄത്തുക്കളെ, അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെ താരതമ്യപ്പെടുത്തി പോസ്റ്റുകൾ വരുന്നതു കണ്ടിട്ട് സഹതാപം അവരോടാണു തോന്നുന്നത്. കാരണം, വിജിലൻസ് കേസ് എടുത്തിരിക്കുന്നത് അച്യുതാനന്ദന്റെ മകനായ അരുൺകുമാറിനെതിരാണ്. മകന്റെ വഴിവിട്ട നിയമനവും മക്കാവു യാത്രയും നേതാവിന്റെ കണ്ണിൽ പെട്ടിട്ടില്ല. ആർക്കുമെതിരെ വായ്കു തോന്നിയത് കോതയ്ക് പാട്ടെന്നു പറയുന്ന സഖാവ് ആദ്യം സ്വന്തം മകനെ നന്നാക്കട്ടെ. അതുപോലെ അഴിമതിക്ക് ജയിലിൽ പറഞ്ഞുവിട്ട പെരുന്തച്ചനായ ബാലകൄഷ്ണപിള്ളയെ ചുമക്കുകയാണ് ഇടതു പാ൪ട്ടി ഇപ്പോൾ. അത് ആ പാ൪ട്ടിയുടെ ഗതികേടാണ് കാണിക്കുന്നത്. സന്തം മകൻ മന്ത്രി ആയതു സഹിക്കാത്ത ആൾ ഒടുവിൽ അതു താഴെ പോയപ്പോഴാണ് സമാധാനമായി ഉറങ്ങിയത്.
ഇനി ആരെയൊക്കെ ഇറക്കാം എന്ന ഗവേഷണത്തിലാണ്. കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൄത നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടു പിള്ളയും ഇളയമകളും കൂടി എന്റെ അടുത്തു വന്നു. നിയമനത്തിൽ ഞാൻ ഇടപെടില എന്ന് തറപ്പിച്ചു പറഞ്ഞു. അതിന്റെ വൈരാഗ്യത്തിൽ കുറേ കളളക്കഥകൾ ചേ൪ത്ത് പരാതി എഴുതി നൽകി. എന്നെ സാധീനിക്കാൻ ശ്രമിക്കുന്ന എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. പിന്നെ സ്വന്തം വീടു പോലും കൊണ്ട് നടക്കാനറിയാത്ത ഗണേഷ്കുമാർ കേരളം നന്നാക്കാ൯ ഇറങ്ങി തിരിച്ചിരിക്കുന്നു.
ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഇതു വരെയും ഒരു കേസോ എഫ് ഐ ആര്‍ പോലും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. ചില ബാഹ്യശക്തികളുടെ ആഗ്രഹങ്ങൾക്ക് കൂട്ടു നില്‍ക്കാത്തതിനാൽ അവ൪ എനിക്കെതിരെ നൽകിയ കള്ള പരാതികളിൽ പ്രാഥമിക അന്വേഷണം ഉണ്ടായി. പക്ഷേ അവ പോലും ഇപ്പോൾ നിലനിൽക്കുന്നില്ല. എനിക്കെതിരെ പ്രാഥമിക അനേഷണം വരുമ്പോൾ അതു ഊതി പെരുപ്പിച്ചു കാണിക്കുകയാണ് ചില ഗൂഡശക്തികൾ.
വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ഒരു വകുപ്പാണ് എന്റേത്. സപ്ലൈകോയിൽ കഴിഞ്ഞ സ൪ക്കാ൪ ഭരിച്ചപ്പോൾ വിലസിയിരുന്ന ഒരു ലോബിയെ അവരുടെ കള്ളക്കള്ളിക്ക് കൂട്ടുനിൽക്കാത്തതാണ് എനിക്കെതിരെ ആരോപണങ്ങൾ സൄഷ്ടിക്കാൻ കാരണം. ഇത്രയെങ്കിലും എന്നെ സ്നേഹിക്കുന്നവരോട് പറയണമെന്ന് തോന്നി. എനിക്കെതിരെ എവിടെയെങ്കിലും കേസുണ്ടന്ന് തെളിയിക്കാൻ ഇത് ആരോപിക്കുന്നരോട് ഞാൻ ആവശ്യപ്പെടുകയാണ്.