യുവാവിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ ഭാര്യയും മകനും അറസ്റ്റിൽ

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:46 IST)
ഇടുക്കി: യുവാവിനെ കൊല്ലാൻ കൊട്ടേഷൻ സംഘത്തിനെ ചുമതലപ്പെടുത്തിയ കേസിൽ യുവാവിന്റെ ഭാര്യയും മകനും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെയാണ് ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
 
തന്നെ കൊട്ടേഷൻ സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ കൊട്ടേഷൻ നൽകിയത് ഇയാളുടെ ഭാര്യ ആഷിറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം ഇരുവരും വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ തുടർ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് കണ്ടെത്തിയത്.
 
പോലീസ് ഇതുമായി ബന്ധപ്പെട്ടു പറയുന്നത് : കഴിഞ്ഞ ഏറെ നാളുകളായി അബ്ബാസ് ഭാര്യ ആഷിറയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ആഷിറ അയൽക്കാരനായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തിയത്. സംഘം ഇവിടെ എത്തിയപ്പോൾ അബ്ബാസിന്റെ വീട് ഇവർക്ക് കാണിച്ചുകൊടുക്കാനായി ആഷിറയും മകനും വണ്ടിപ്പെരിയാറിൽ എത്തിയിരുന്നു.
 
വീട് കാണിച്ചുകൊടുത്ത ശേഷം ഇവർ ആഷിറയുടെ എറണാകുളത്തുള്ള പിതൃഭവനത്തിലേക്ക് പോയി. ഇതിനുശേഷമായിരുന്നു അബ്ബാസിന് നേരെയുള്ള ആക്രമണം. കൊട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ   പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അയാളുടെ സ്വന്തം നാടായ നെടുങ്കയത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒന്നും അറിയാത്തവരെ പോലെ ഭാര്യ ആഷിറയും മകനും എത്തി. തുടർന്ന് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ആഷിറയുടെ സഹോദരൻ ഉൾപ്പെടെ ഏഴു പേരെ പോലീസ് പിടികൂടി. 

അനുബന്ധ വാര്‍ത്തകള്‍

Next Article