മകളെ വില്‍ക്കാനുണ്ട്, അച്ഛന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നില്‍ 11കാരിയുടെ രണ്ടാനമ്മ

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (13:42 IST)
തൊടുപുഴ: പതിനൊന്നു വയസ്സുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ് കണ്ടെത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമതായി വിവാഹം ചെയ്തതാണ് ഇവരെ.
 
സംഭവത്തില്‍ രണ്ടാനമ്മയെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവര്‍ക്ക് മുലയൂട്ടുന്ന കുഞ്ഞുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ചേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ ഇവരുടെ ഭര്‍ത്താവ് നിരന്തരം വഴക്കുണ്ടാക്കുന്ന ദേഷ്യത്തിലാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇട്ടതെന്ന് യുവതി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ പിതാവ് മിക്കപ്പോഴും വീട്ടിലേക്ക് വരാറില്ലെന്നും ചിലവിന് നല്‍കാറില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് പിതാവിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പണം നല്‍കിയാല്‍ 11കാരിയെ ലൈംഗീകമായി ദുരുപയോഗം ചെയ്യാന്‍ നല്‍കാമെന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയില്‍ പെട്ടവര്‍ പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് പിതാവിന്റെ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്ത് ഫോണ്‍ സൈബര്‍ സെല്ലിനും ഫോറന്‍സിക് സംഘത്തിനും കൈമാറിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിതാവല്ല പ്രതിയെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് സംശയമുള്ളവരുടെ ഫോണ്‍ പിടിച്ചെടുത്തുകൊണ്ട് നടത്തിയ പരിശോധനയിലാണ് രണ്ടാനമ്മയുടെ ഫോണില്‍ നിന്നാണ് പിതാവിന്റെ പേരില്‍ പോസ്റ്റ് വന്നതെന്ന് കണ്ടെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍