ക്വാറി സമരത്തിനൊപ്പം ടിപ്പര്‍ലോറി സമരവും : നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

Webdunia
ഞായര്‍, 1 മാര്‍ച്ച് 2015 (14:40 IST)
മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സ്തംഭനത്തിലേക്ക്. ക്വാറി-ക്രഷര്‍ ഖനന മേഖലയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി ടിപ്പര്‍ലോറി ഉടമകളുടെ സംയുക്ത സമരം പ്രഖ്യാപിച്ചതോടെയാണ്  മെട്രോ നിര്‍മ്മാണം സ്തംഭനത്തിലായത്. അതേസമയം മെട്രോ നിര്‍മ്മാണം തടസപ്പെടുന്നത് ക്വാറി ഉടമകളുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് കളക്ടര്‍ രാജ്യമാണിക്യം ആരോപിച്ചു. ഇതിനെ കരാറുകാര്‍ മറയാക്കുന്നുവെന്നും പ്രശ്‌നങ്ങള്‍ ഡി എം ആര്‍സിക്ക് മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വന്‍കിട ക്വാറി ഉടമകള്‍ക്ക് സര്‍ക്കാര്‍, ഖനനം അടിയറ വയ്ക്കുകയാണെന്ന് ആരോപിച്ചാണ് സമരം ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സമരം നടത്തുന്നത്. പുതിയ ഖനനനിയമപ്രകാരം    പരിസ്ഥിതി അനുമതി നേടാത്ത ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ഇതുകൂടാതെ പുതിയ ചട്ടപ്രകാരം ക്വാറിക്ക് പരിസ്ഥിതി അനുമതിക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലമെങ്കിലും സ്വന്തമായുണ്ടാകണം.

ഈ ചട്ടങ്ങള്‍ വന്‍കിട ക്വാറി ഉടമകള്‍ക്കായി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. ചട്ടം മാറ്റുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്റെ നിലപാട്. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നിലവിലെ ചട്ടങ്ങള്‍ മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.