പള്‍സര്‍ സുനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; സുനിയെ വിളിച്ചത് പൊലീസിന്റെ സാന്നിധ്യത്തില്‍; അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മാതാവ്

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (14:55 IST)
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനിയെ രക്ഷപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്. താന്‍ വിളിച്ചതിനു ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.
 
സംഭവദിവസം പതിനൊന്നരയോടെ രണ്‍ജി പണിക്കരാണ് ആദ്യം വിളിച്ചത്. ഇതിനിടെ ഫോണില്‍ ലാലിന്റെ മിസ്ഡ് കോള്‍ കണ്ടു വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ ലാലിന്റെ വീട്ടില്‍ പോകണമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞതിനെ തുടര്‍ന്ന് പി ടി തോമസ് എം എല്‍ എയ്ക്കൊപ്പം ലാലിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
 
വീട്ടില്‍ ചെല്ലുമ്പോള്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് നടി കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിനോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരുന്നത്. ആക്രമണം നടത്തിയതില്‍ ഒരാള്‍ സുനിയാണെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഇയാളെ അറിയുമോ എന്ന് ഡ്രൈവറോട് ചോദിച്ചെങ്കിലും അയാള്‍ ആദ്യം ഇല്ല എന്നു പറഞ്ഞെന്നും പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്റെ കൈയില്‍ നിന്നാണ് സുനിയുടെ നമ്പര്‍ എടുത്ത് വിളിച്ചതെന്നും ആന്റോ ജോസഫ് വ്യക്തമാക്കി.
 
സംഭവം അറിഞ്ഞ് ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്റെ കൈയില്‍ നിന്ന് സുനിയുടെ നമ്പര്‍ വാങ്ങി വിളിച്ചത്. എന്നിട്ട് ഫോണ്‍ പൊലീസിനു കൈമാറുകയായിരുന്നു. എന്നാല്‍, ഫോണ്‍ കൈമാറിയപ്പോള്‍ സുനി കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും നേരത്തെ തന്നെ പി ടി തോമസ് എം എല്‍ എയും വ്യക്തമാക്കിയിരുന്നു.
 
(ചിത്രത്തിനു കടപ്പാട് - മനോരമ ന്യൂസ്)
Next Article