പ്രോട്ടോകോള്‍ ലംഘനം: റസിഡന്റ് കമ്മീഷണറെ ഗവര്‍ണര്‍ വിളിച്ചു വരുത്തി

ശനി, 4 ഒക്‌ടോബര്‍ 2014 (12:45 IST)
ഗവര്‍ണര്‍ പി സദാശിവത്തെ സ്വീകരിക്കുന്നതില്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയ സംഭവത്തില്‍ കേരള റസി. കമ്മീഷണര്‍ ഗ്വാനേഷ്‌ കുമാറിനെ ഗവര്‍ണര്‍ വിളിച്ചു വരുത്തി. റസി. കമ്മീഷണര്‍ മാപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ സ്വീകരിക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം സംഭവത്തില്‍ ഗവര്‍ണര്‍ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.
 
കേരള റസിഡന്റ്‌ കമ്മീഷണര്‍ ഗവര്‍ണറെ വിമാനത്താവളത്തിലെത്തി സ്വീകരിക്കണമെന്നാണ്‌ ചട്ടം. റസി. കമ്മീഷര്‍ സ്ഥലത്ത് ഇല്ലാത്ത പക്ഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരെങ്കിലും സ്വീകരിക്കണം. എന്നാല്‍ സ്‌ഥാനമേറ്റ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ റെസിഡന്‍ഷ്യല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥര്‍ ആരും തന്നെ വിമാനത്താവളത്തിലോ കേരളാ ഹൗസിലോ എത്തിയില്ല. 
 
ഗവര്‍ണര്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്‌തി അറിയിക്കുകയും ചെയ്‌തിരുന്നു. ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തേണ്ടിയിരുന്ന റെസിഡന്റ്‌ കമ്മീഷണര്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്നാണ്‌ ഈ വിഷയത്തില്‍ കേരളാ ഹൗസ്‌ നല്‍കുന്ന വിശദീകരണം. പകരം എത്തേണ്ടിയിരുന്ന അഡീഷണല്‍ റസിഡന്റ്‌ കമ്മീഷണര്‍ തെരഞ്ഞെടുപ്പ്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലായിരുന്നെന്നുമാണ് കേരള ഹൗസിന്റെ ഭാഷ്യം.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക