കൊലപാതക്കുറ്റത്തില്‍ പ്രതികളായ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി യുഎഇ. മുഹമ്മദ് റിനാഷ്, മുരളീധരന്‍ പി.വി എന്നിവരെയാണ് യുഎഇ സര്‍ക്കാര്‍ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതര്‍ അറിയിച്ചു.
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി വഴി ദയാഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും യുഎഇയിലെ പരമോന്നത കോടതി അംഗീകരിച്ചില്ല.
കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ റിനാഷ് ഒരു യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി. യുഎഇയിലെ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു വരികയായിരുന്നു റിനാഷ്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരനു വധശിക്ഷ വിധിച്ചത്.
സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹ്‌സാദി ഖാനെ ഫെബ്രുവരി 15 നു യുഎഇ ഭരണകൂടം തൂക്കിലേറ്റിയിരുന്നു.