“മാണിക്യ മലരായ പൂവി”; ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതി

Webdunia
ബുധന്‍, 21 ഫെബ്രുവരി 2018 (12:35 IST)
അഡാർ ലൗ എന്ന മലയാള സിനിമയിലെ വിവാദ ഗാനമായ “മാണിക്യ മലരായ പൂവി” എന്ന ഗാനത്തിനെതിരേ രാജ്യത്തിന്‍റെ ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു.

രണ്ട് പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറുകളില്‍ തുടര്‍ നടപടി പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

സിനിമയിലെ നായിക പ്രിയ പി വാര്യയരും സംവിധായകൻ ഒമർ ലുലുവുമാണ് ഹർജി നൽകിയത്. ഹൈദരാബാദിലും ഔറംഗ ബാദിലുമാണ് സിനിമയിലെ പാട്ടിനെതിരെ കേസുള്ളത്.

കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യം ഹർജിക്കാരിയുടെ അഭിഭാഷകനായ ഹാരിസ് ബീരാനോട് സുപ്രീംകോടതി ആരാഞ്ഞു.

യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത മലയാള ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ചിലർ പരാതി നൽകിയതെന്നും ഇനി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും സമാനമായ പരാതി ഉയരാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ കേസ് നടത്തുന്നത് ബുദ്ധിമുട്ടാണ്. ഇക്കാര്യത്തിലെ ഗൗരവം കോടതി മനസിലാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച കോടതി പാട്ടുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന എല്ലാ കേസ് നടപടികളും താത്കാലികമായി മരവിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article