സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള സിനിമാ നിർമാണ കമ്പനിയായ ‘ഓഗസ്റ്റ് സിനിമ’യുടെ പങ്കാളിത്തത്തിൽനിന്ന് നടൻ പൃഥ്വിരാജ് പിന്മാറി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാജു ഇക്കാര്യം അറിയിച്ചത്. ആറു വർഷത്തിലധികം കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചശേഷമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
സ്വന്തം നിർമാണ കമ്പനി ആരംഭിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് പിൻമാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പൃഥ്വിരാജ് പിന്മാറിയതോടെ പ്രമുഖ വ്യവസായി ഷാജി നടേശന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, തമിഴ് ചലച്ചിത്ര താരം ആര്യ എന്നിവരാകും ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
സിനിമാ ജീവിതത്തിൽ പുതിയൊരു ദിശയിൽ യാത്ര ആരംഭിക്കാൻ സമയമായെന്ന്, ഇക്കാര്യം അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കി. ഈ യാത്രയിൽ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായി നിൽക്കാനാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ, എന്നെന്നും താലോലിക്കുന്ന ഒരുപിടി ഓർമകകളും ഹൃദയം നിറയെ കൃതജ്ഞതയുമായി ഓഗസ്റ്റ് സിനിമയോടു വിടപറയുകയാണ്. കമ്പനിയുടെ അഭ്യുദയകാംക്ഷികളിൽ അഗ്രസ്ഥാനത്ത് താൻ എന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.