പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം

തിങ്കള്‍, 24 ഏപ്രില്‍ 2023 (09:37 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ തിരുവനന്തപുരത്ത് കനത്ത ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. നഗരത്തില്‍ നാളെ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. 
 
ജനങ്ങളെ ബാധിക്കാത്ത വിധമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. പ്രധാനമന്ത്രി വരുന്ന സമയത്ത് മറ്റ് ഗതാഗതങ്ങളും അരമണിക്കൂര്‍ നേരം നിരോധിക്കുമെന്നും നാഗരാജു പറഞ്ഞു. പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ല. തിരുവനന്തപുരത്ത് പ്രതിഷേധങ്ങള്‍ക്ക് സാധ്യതയില്ലെന്നും അത്തരം വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി 1500 പൊലീസുകാരെയാണ് തിരുവനന്തപുരത്ത് വിന്യസിക്കുന്നത്. 
 
നാളെ രാവിലെ 9.25 ന് പ്രധാനമന്ത്രി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 10.15 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30 ന് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വെ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍