പ്രേമം സ്റ്റൈലില്‍ ഓണാഘോഷത്തിന് മുണ്ടുടുത്തു വന്ന 150 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു പുറത്താക്കി

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (17:36 IST)
സ്‌കൂളിലെ ഓണാഘോഷ പരിപാടിക്ക് പ്രേമം സ്റ്റൈലില്‍ മുണ്ടുടുത്ത് വന്ന 150 ഓളം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഓണാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
ഓണാഘോഷമാണെങ്കിലും ഇന്നു മുണ്ട് ഉടുത്തു വരെരുതെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ മുണ്ടും കറുത്ത നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചാണെത്തിയത്.

ഇതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകരും പ്യൂണും ചേര്‍ന്ന് ഇവരെ സ്‌കൂളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റ് പൂട്ടുകയായിരുന്നു. അധികൃതര്‍ ഗേറ്റ് പൂട്ടിയെങ്കിലും പൂട്ട് തല്ലിപ്പൊളിച്ച് പുറത്തായവരെ നാട്ടുകാര്‍ അകത്തേക്ക് കയറ്റിവിട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സംഘര്‍ഷ സാഹചര്യത്തിനൊടുവില്‍ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ അധ്യാപകരും നാട്ടുകാരും ചര്‍ച്ച നടത്തി.