‘ലവ് ജിഹാദ് ചെയ്യാൻ ശ്രമിക്കുന്ന ഓരോരുത്തർക്കും ഇതായിരിക്കും ഗതി’; യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ച സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്‌ലിം പള്ളികള്‍ പൊളിക്കുമെന്ന ഭീഷണിയുമായി ബാബറി മസ്ജിദ് ദിനത്തില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതീഷ് ലൗവ് ജിഹാദാരോപിച്ച നടന്ന കൊലപാതകത്തെ ന്യായീകരിച്ചും രംഗത്തെത്തിയത്.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. സംഭവമായി ബന്ധപ്പെട്ട് കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.