ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്; മലയാളത്തിലെ മഹാനടൻമാർ പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവന്തപുരം: തെലുങ്ക് നടനായ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽക്കിയത് മലയാളത്തിലെ മഹാനടൻമാർ മാതൃകയാക്കേണ്ട കാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു സിനിമക്ക് തന്നെ മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്നവർ നമ്മുടെ നാട്ടിലുമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി രൂപം നൽകിയ കെയർ കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയ ദുരന്തമുണ്ടായി ആദ്യ ഘട്ടത്തിൽ തന്നെ മറ്റു സിനിമ മേഘലകളിൽ നിന്നും സഹായങ്ങൾ എത്തിയതിനു ശേഷം മാത്രമാണ് മലയാള താരങ്ങൾ സാഹായങ്ങളുമായി എത്തിയത് എന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.
വലിയ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ സൂപ്പർസ്റ്റാറുകളെ ലക്ഷ്യം വച്ചുള്ളതാണ് മന്ത്രിയുടെ പരാമർശം. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് വീടു വച്ചു നൽകുന്നതിനായി സംഘങ്ങളിൽ നിന്നും 75 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി പറഞ്ഞു.