പാലക്കാട് സദാചാര ഗുണ്ടാ ആക്രമണത്തില്‍ ചെര്‍പ്പുളശ്ശേരി മുളയങ്കാവ് സ്വദേശി പ്രഭാകരന് കൊല്ലപ്പെട്ട സംഭവം സദാചാര കൊലപാതകമെന്ന് പൊലീസ്. പ്രഭാകരനെ പ്രതികള്‍ മര്‍ദ്ദിച്ചത് അവിഹിത ബന്ധം സ്ഥാപിക്കാനാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജു, രാജേഷ്, സൈദലവി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ നെഞ്ചില്‍ തുടര്‍ച്ചയായി ശക്തമായി ഇടിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സ്ഥലത്തെ 45 വയസ്സുകാരിയായ വീട്ടമ്മയുടെ വീട്ടിലെത്തിയെന്ന് ആരോപിച്ചാണ് പ്രതികള്‍ മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വീട്ടമ്മയേയും പ്രഭാകരനേയും ചോദ്യം ചെയ്തതായുമാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. മരണം സംഭവിച്ചത് മര്ദ്ദനത്തേത്തുടര്ന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. പ്രഭാകരന്റെ മൃതദേഹത്തില്‍ വടികൊണ്ട് കൈകൊണ്ടും അടിച്ചതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. പാലക്കാട് കുലുക്കല്ലൂരില്‍ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.